തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച നേരെ പൊലീസ് നടപടിയെ ന്യായീകരിച്ച ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍.

Subscribe Us:

പുതുവൈപ്പ് സമരക്കാര്‍ ദല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ എങ്ങനെ തടയുമെന്നാണ് സെന്‍കുമാര്‍ പറയുന്നതെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പറയുന്നത് സമരക്കാരെ അപഹസിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കുമുന്‍പില്‍ സര്‍ക്കാരിന്റെ വിലകുറക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നെന്നും കാനം പറഞ്ഞു.


Dont Miss കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും 


സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത ഡി.ജി.പിയുടെ ന്യായീകരണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ഡി.ജി.പിയുടേത് ഫാസിസ്റ്റ് മനോഭാവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവൈപ്പിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ താന്‍ കണ്ടെന്നും അപാകതയൊന്നും തോന്നിയില്ലെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്.

കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. സമരത്തിന് പിന്നില്‍ തീവ്ര സംഘടനയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു

യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റായൊന്നുമില്ല മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയത് എന്നായിരുന്നു ടിപി സെന്‍കുമാര്‍ പറഞ്ഞത്.
പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.