എഡിറ്റര്‍
എഡിറ്റര്‍
പൂത്തൂര്‍ ഷീല വധക്കേസ്: സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കാനായില്ല
എഡിറ്റര്‍
Monday 15th October 2012 1:13pm

കൊച്ചി: പൂത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കാനായില്ല. സാങ്കേതികപിഴവ് കാരണം കുറ്റപത്രം എറണാകുളം സി.ജെ.എം കോടതി മടക്കുകയായിരുന്നു.

Ads By Google

ഏഴുപേര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്നു സമര്‍പ്പിക്കാനിരുന്നത്. പിഴവുകള്‍ തിരുത്തി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി  വിജയ് സാക്കറെ എന്നിവരെ ഒഴിവാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ കൊണ്ടുവന്നത്.

ഇവര്‍ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് സി.ബി.ഐ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന മുഹമ്മദ് യാസിനും പാലക്കാട് പൊലീസ് സൂപ്രണ്ടായിരുന്ന വിജയ് സാഖറെക്കും കസ്റ്റഡി മരണത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസ്‌കസ്റ്റഡിയിലിരിക്കെ 2010 മാര്‍ച്ച് 30നാണ് മരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 63 പരിക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് കേസന്വേഷണം ഊര്‍ജിതമായി. ആദ്യം ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Advertisement