Administrator
Administrator
പുത്തൂര്‍ കസ്റ്റഡി മരണം: ഡി.വൈ.എസ്.പിയുടെ ജാമ്യാപേക്ഷ തള്ളി
Administrator
Friday 6th May 2011 11:25am

puthoor-sambathതിരുവനന്തപുരം: പുത്തൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി രാമചന്ദ്രന്റേതടക്കം നാല് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സബ് ഇന്‍സ്‌പെക്ട്രര്‍മാരായ ഉണ്ണികൃഷ്ണന്‍, രമേശ്, കോണ്‍സ്റ്റബിള്‍ ശ്യാമ പ്രസാദ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 24നാണ് ഡി.വൈ.എസ്.പി രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. സമ്പത്തിനെ മലമ്പുഴയിലുള്ള രഹസ്യ സ്ഥലത്ത് എത്തിക്കാന്‍ ഡി.വൈ.എസ്.പി രാമചന്ദ്രനാണ് നേതൃത്വം നല്‍കിയത്. മര്‍ദനത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ ഉന്നത ബന്ധമുള്ളവരാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായരാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനപോലീസിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement