Categories

പുതുക്കാട് ഇരട്ടക്കൊല: മുഴുവന്‍ പ്രതികളും പിടിയില്‍

പുതുക്കാട്:  പുതുക്കാട് തെക്കേതൊറവ് ചിത്ര ഓട്ടുകമ്പനിക്കു സമീപം രണ്ടുപേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ടംഗ ഗുണ്ടാസംഘമാണ് പിടിയിലായത്.

ഇന്ദ്രന്‍കുട്ടിയാണ് മുഖ്യപ്രതി. അഞ്ച് പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. ബാക്കി മൂന്ന് പേര്‍ ഇവര്‍ക്ക് സഹായം ചെയ്തവരാണ്. എല്ലാവരും മുന്‍പും കേസുകളില്‍ പിടിയിലായവരാണ്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

വടക്കേതൊറവ് സ്വദേശികളായ തുമ്പരപ്പിള്ളി ഗോപി(43), കിളക്കാട്ടുകാരന്‍ ജംഷീര്‍(22) എന്നിവരെയാണു ബുധനാഴ്ച അര്‍ധരാത്രി വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബാറില്‍ മദ്യപാനത്തിനിടെ ഇന്ദ്രന്‍കുട്ടിയെ വധിക്കുമെന്ന് മറുസംഘം ഭീഷണി മുഴക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

ബുധനാഴ്ച ജംഷീര്‍ ബാര്‍ കൗണ്ടറില്‍ മദ്യക്കുപ്പി അടിച്ചുപൊട്ടിച്ച് ഇന്ദ്രന്‍കുട്ടിയുടെ സംഘാംഗങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. കൂടാതെ ബാറിലെ കസേരകള്‍ തല്ലിത്തകര്‍ക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ ജംഷീറിന്റെ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് ജംഷീറും ഗോപിയും ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയത്. ഇഷ്ടികക്കളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അര്‍ധരാത്രിയോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുതുക്കാട് സിഐ പി.എസ്. സുരേഷിനാണ് കേസിന്റെ അന്വേഷണച്ചുമതല.