എഡിറ്റര്‍
എഡിറ്റര്‍
പുത്തൂര്‍ കസ്റ്റഡി മരണം: ജയകുമാറിന് പുതിയ അന്വേഷണ ചുമതല
എഡിറ്റര്‍
Friday 6th April 2012 11:17am

കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ധാരണ.   സി.ബി.ഐ ചെന്നൈ യൂണിറ്റിലെ ഡി.വൈ.എസ്.പി ജയകുമാറിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ ഉദ്യോസ്ഥനെ മാറ്റാനുള്ള അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന എ.എസ്.പി ഹരിദത്ത് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.

കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണിക്കൃഷ്ണന്‍ നായരുടെ വീടിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണു ഹരിദത്ത് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഹരിദത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈത്തോക്കുകളും സി.ആര്‍.പി.എഫ് സംരക്ഷണം നല്‍കാന്‍ അന്നത്തെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് ബി. വിജയന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.ആര്‍.പി.എഫ് തയാറായിരുന്നില്ല. ഹരിദത്തിന്റെ അന്വേഷണത്തിലെ നിഗമനങ്ങളെ തള്ളിപ്പറയുന്ന നിലപാടു സി.ബി.ഐ തന്നെ കോടതിയില്‍ സ്വീകരിച്ചതും ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നു.

അഡീഷണല്‍ ഡി.ജി.പി മുഹമ്മദ് യാസിന്‍, പാലക്കാട് മുന്‍ എസ്.പി വിജയ്‌സാഖറെ എന്നിവരെയും ഏതാനും പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഹരിദത്തിന് വന്‍ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തുനിന്ന് നീക്കാന്‍ തന്റെ മേല്‍ പോലീസ് ഉന്നതരുടെ സമ്മര്‍ദം ഉണ്ടായതായി ഹരിദത്ത് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സി.ആര്‍.പി.എഫ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ആരെങ്കിലും അന്വേഷണത്തില്‍ ഇടപെട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Advertisement