ന്യൂദല്‍ഹി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തെ സി.ബി.ഐ ഡയറക്ടര്‍ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ആരായിരിക്കണം ജോയിന്റ് ഡയറക്ടര്‍ എന്ന കാര്യം ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദത്തിന് അന്വേഷണം തുടരാമെന്നും സി.ബി.ഐ മാന്വല്‍പ്രകാരമാകണം അന്വേഷണം നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. അതിനിടെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദത്തിനെതിരേ പരാതി ഉയര്‍ന്ന കാര്യവും സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.