പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ഡി.വൈ.എസ്.പിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.കെ രാമചന്ദ്രനാണ് അറസ്റ്റിലായത്.

ഇന്നു പുലര്‍ച്ചെ കേസുമായി ബന്ധപ്പെട്ട് മൂന്നുപോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, രമേശ്, കോണ്‍സ്റ്റബിള്‍ ശ്യാമപ്രസാദ് എന്നിവരെയായിരുന്നു സി.ബി.ഐ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായരാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനപോലീസിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്ന സമ്പത്തിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.