Administrator
Administrator
പുത്തൂര്‍ കസ്റ്റഡിമരണം: സി.ബി.ഐ ജോ.ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണം
Administrator
Friday 1st April 2011 1:29pm

nuringoor caseന്യൂദല്‍ഹി: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. ആരായിരിക്കണം ജോയിന്റ് ഡയറക്ടര്‍ എന്ന കാര്യം ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദത്തിന് അന്വേഷണം തുടരാമെന്നും സി.ബി.ഐ മാന്വല്‍പ്രകാരമാകണം അന്വേഷണം നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. അതിനിടെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദത്തിനെതിരേ പരാതി ഉയര്‍ന്ന കാര്യവും സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കസ്റ്റഡിമരണത്തിന്റെ അന്വേഷണം ഐ.പി.എസ് ലോബി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സമ്പത്തിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ഡി.വൈ.എസ്.പി സി.കെ രാമചന്ദ്രനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപോലീസുകാരും പിടിയിലായിട്ടുണ്ട്.

സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, രമേശ്, കോണ്‍സ്റ്റബിള്‍ ശ്യാമപ്രസാദ് എന്നിവരെയായിരുന്നു സി.ബി.ഐ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

Advertisement