കൊച്ചി: പൂത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമ്പത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ മേലാണ് കോടതിയുടെ ഈ നടപടി.

കേസിന്റെ പുരോഗതി മൂന്നാഴ്ച കൂടുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കണം. അന്വേഷണത്തിനിടയ്ക്ക് ഉദ്യോഗസ്ഥരെ മാറ്റുകയോ, ഒഴിവാക്കുകയോ ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പാലക്കാട് പുത്തൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണപുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാണിച്ച് സമ്പത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.