Categories

പുരുലിയ ആയുധവര്‍ഷം: കോണ്‍ഗ്രസ് സഹായത്തോടെ

puruliyaകോപന്‍ഹേഗന്‍: 1995വലെ പുരുലിയ ആയുധവര്‍ഷം അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയായിരുന്നെന്ന് കേസിലെ മുഖ്യപ്രതി കിം പെറ്റര്‍ ഡേവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഔദ്യോഗിക രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയായ എം.ഐ 5 എന്നിവയുടെ അറിവോടെയാണ് ആയുധവര്‍ഷം നടന്നതെന്ന് ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹോക്‌സ് പറഞ്ഞു. തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന സൂചനയെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനം പറത്താന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് താന്‍ രക്ഷപെട്ടതും. ഒരു പാര്‍ലമെന്റ് അംഗവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് നേപ്പാളിലേക്ക് രക്ഷപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളില്‍ സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമാണ് പുരുലിയ. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 1995ല്‍ ഡിസംബര്‍ 17ന് ഇവിടെ എത്തിയ എ.എന്‍ 26 വിമാനത്തില്‍ നിന്നും എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വര്‍ഷിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാനായി വിദേശ ശക്തികള്‍ നടത്തിയ ശ്രമമാണിതെന്ന് അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനാണ് ആയുധങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ആയുധവര്‍ഷമെന്ന് അന്ന് വിമാനത്തിലുണ്ടായിരുന്ന ആള്‍ കൂടിയായ കിം ഡേവി വ്യക്തമാക്കി.ആയുധവര്‍ഷം നടത്തിയ സമയത്ത് വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തില്‍ അഞ്ച് ലാത്വിയക്കാരും ഒരു ബ്രിട്ടീഷുകാരനുമാണ് ഉണ്ടായിരുന്നത്. തിരിച്ചുവരുമ്പോള്‍ വിമാനം തടഞ്ഞു നിര്‍ത്തി ഇവരെ അറസ്റ്റ് ചെയെ്തങ്കിലും സംഭവത്തിന്റെ സൂത്രധാരന്‍ കിം പെറ്റര്‍ ഡേവി രക്ഷപ്പെടുകയായിരുന്നു.

ഇയാളെ പിടികൂടാന്‍ സി.ബി.ഐ. പലവട്ടം ശ്രമിക്കുകയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന കാര്യം നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 2010 ഏപ്രിലിലാണ് ഡേവി അറസ്റ്റിലായത്.

തന്നെ ഇന്ത്യക്ക് കൈമാറുമെന്ന ഭയമാണ് ഈ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് ഡേവി പറയുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാജ്യത്തിന്റെ ഭരണാധികാരികളുടെ സഹായത്തോടെ രാജ്യത്ത് ആക്രമണം നടത്തിയാല്‍ വിദേശ കുറ്റവാളികളെ ശിക്ഷിക്കാന്‍ അധികാരമില്ല. ഈ നിയമത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചാണ് ഡേവി വെളിപ്പെടുത്തല്‍ നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.