ന്യൂദല്‍ഹി: പുരുലിയ ആയുധവര്‍ഷക്കേസിലെ മുഖ്യപ്രതിയും ഡെന്‍മാര്‍ക്ക് പൗരനുമായ കിം ഡേവിയെ ഇന്ത്യക്ക് വിട്ടുനല്‍കില്ലെന്ന് ഡെന്‍മാര്‍ക്ക്. വിചാരണ നടപടികള്‍ക്കായി ഡേവിയെ കൈമാറണമെന്ന കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യം ഡെന്‍മാര്‍ക്ക് ഹൈക്കോടതി നിരസിച്ചു.

1995 ലാണ് കേസിനാസ്പദമായ സംഭവം.നീല്‍ ക്രിസ്റ്റ്യന്‍ നെല്‍സണ്‍ എന്ന കിം ഡേവിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ പുരുലിയയില്‍ വിമാനത്തില്‍ നിന്ന് എകെ 47 റൈഫിളുകളും ആന്റി ടാങ്ക് ഗ്രനേഡുകളും 25,000 വരുന്ന തിരകളും അടക്കമുള്ള ആയുധങ്ങള്‍ വര്‍ഷിച്ചുവെന്നാണ് കേസ്. അധികം താമസിയാതെ ഡോവിയെ അറസ്റ്റ് ചെയ്‌തെങ്കിലിം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മുംബൈ എയര്‍പോര്‍ട്ടില്‍വച്ച് ഡേവി രക്ഷപ്പെടുകയായിരുന്നു. ഡേവിക്കൊപ്പം നാല് ലാറ്റ്‌വിയക്കാരും വിമാനത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു്. അറസ്റ്റിലായ കൂട്ടു പ്രതി പീറ്റര്‍ ബ്ലീച്ചിനും അഞ്ചു ലാറ്റ്‌വിയന്‍ പൗരന്മാരെയും കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തിരുന്നു.

2002ലാണ് ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് കണ്ടെത്തിയത്. മുന്‍പ് ഉപാധികളോടെ ഡേവിയെ ഇന്ത്യക്ക് കൈമാറാമെന്ന് ഡാനിഷ് കോടതി സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ഡേവി നല്‍കിയ അപ്പീലിലാണ് കോടതി കൈമാറേണ്ടതില്ല എന്നു വിധിച്ചത്.