കൊല്‍ക്കത്ത: പുരുലിയ ആയുധവര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ ഗൂഡാലോചന പുറത്തുകൊണ്ടുവരാനായി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

പതിനാറ് വര്‍ഷം മുമ്പ് നടന്ന ആയുധവര്‍ഷത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യമെന്ന് ഭട്ടാചാര്യ പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണച്ചുമതല നിലവില്‍ സി.ബി.ഐയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ആയുധങ്ങളെല്ലാം സി.ബി.ഐയുടെ കൈവശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണം’

1995വലെ പുരുലിയ ആയുധവര്‍ഷത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

പുരുലിയ ആയുധവര്‍ഷം അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയായിരുന്നെന്ന് കേസിലെ മുഖ്യപ്രതി കിം പെറ്റര്‍ ഡേവിയായിരുന്നു വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ഔദ്യോഗിക രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയായ എം.ഐ 5 എന്നിവയുടെ അറിവോടെയാണ് ആയുധവര്‍ഷം നടന്നതെന്ന് ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹോക്‌സ് വ്യക്തമാക്കിയിരുന്നു.