പുരി: ഒറീസയിലെ പ്രശസ്തമായ പുരി രഥയാത്ര മഹോത്സവത്തിന് ഇന്ന് തുടക്കമായി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ജഗന്നാഥ സ്വാമിയെയും ബലഭദ്രനെയും സുഭദ്രയെയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് രഥയാത്ര.

ഗുണ്ടിച്ച ക്ഷേത്രത്തില്‍ നിന്നും പൂജിച്ചശേഷം വിഗ്രഹങ്ങള്‍ ജൂലായ് 11ന് ബഹുദായാത്രയായി തിരികെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. ജൂലായ് 14ന് നിലാദ്രി ബിജെയ് ദിനത്തിലാണ് വിഗ്രഹങ്ങള്‍ അവിടെ ശ്രീകോവിലില്‍ വച്ച് പൂജകള്‍ പുനരാരംഭിക്കുക.

12-ാം നൂറ്റാണ്ടില്‍ ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പുരി ജഗന്നാഥ യാത്ര ലോകത്തെ ഏറ്റവും പുരാതന ക്ഷേത്ര ഉത്സവ ചടങ്ങായാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിശ്വാസികളും തീര്‍ത്ഥാടകരും ഒപ്പം ടൂറിസ്റ്റുകളും ഇതില്‍ സംബന്ധിക്കാനെത്താറുണ്ട്. ഇക്കുറി ഞായറാഴ്ചത്ത രഥയാത്രയില്‍ എട്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.