ഗുവാഹത്തി: ആസാമില്‍ ഗുവാഹത്തി പുരി എക്‌സ്പ്രസ് സ്‌ഫോടനത്തെത്തുടര്‍ന്ന് പാളം തെറ്റി 100 പേര്‍ക്ക് പരിക്ക്. ആസാമിലെ കാംറപ്പ് ജില്ലയിലെ രാംഗിയയ്ക്കടുത്ത് ഞായറാഴ്ച രാത്രി 8.20 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. ഗുവാഹത്തിയില്‍ നിന്നും പുരിയിലേക്ക് പോകുകയായിരുന്നു ട്രെയിനിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്.

റെയില്‍ പാളത്തില്‍ ഘടിപ്പിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് സ്‌ഫോടനശബ്ദം കേട്ടതായി യാത്രക്കാരും നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു മിക്ക യാത്രക്കാരും. രാംഗിയയ്ക്കും ഗാഗ്രാപാറിനും ഇടയിലുള്ള ഭത്കുച്ചിയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ മിക്കവരുടേയും നില ഗുരുതരമാണ്. എഞ്ചിന് തൊട്ടടുത്തുള്ള ബോഗികളാണ് അപകടത്തിലായത്.

സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.