തിരുവനന്തപുരം: വ്യക്തിപരമായ കാരണങ്ങളാല്‍ പി.ഡി.പിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് പൂന്തുറ സിറാജ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവെക്കുകയാണ്- സിറാജ് വ്യക്തമാക്കി.

നേരത്തെ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് സിറാജ് നടത്തിയ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. സിറാജിന്റെ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്ത് വന്ന മുന്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയായിരുന്നു. അതേസമയം സിറാജിനെതിരെയും പാര്‍ട്ടി നടപടിയുണ്ടായി. പുറത്താക്കിയ സിറാജിനെ തിരിച്ചെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനമുണ്ടായിരുന്നു.

മദനി ജയിലില്‍ പോയതിനെ തുടര്‍ന്നാണ് പി ഡി പിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പോര് ശക്തമായത്. സിറാജിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന വിഭാഗത്തിന് മദനിയുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് പുറത്തേക്ക് പോകാന്‍ സിറാജ് തീരുമാനിച്ചതെന്നാണ് സൂചന.