തായിഫ്: കോഴിക്കോട് ജില്ലയിലെ പൂനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്റെ ‘തായിഫ് ചാപ്റ്റര്‍’ രൂപീകരനത്തോടനുബന്ധിച്ചു ‘കാരുണ്യ തീരം സംഗമം’ നടത്തി. തായിഫ് കെ. എം. സി. സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഗമിച്ചു.

രക്ത ദാന പ്രവര്‍ത്തനങ്ങള്‍, നിര്‍ധന രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണ വിതരണം, ഹോം കെയര്‍, കാരിയര്‍ ഗൈഡന്‍സ്, ആരോഗ്യ ക്യാമ്പുകള്‍ തുടങ്ങിയ മേഘലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ഫൗണ്ടേഷന്‍ ഇന്ന് ശാരീരികവും മാനസികവുമായ വൈകല്യം കൊണ്ട് പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളില്‍ പരിശീലനം, പരിചരണം, ഭക്ഷണം, വാഹന സൗകര്യം എന്നിവ നല്‍കി വരുന്നു. കൂടാതെ പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും വീടുകളില്‍ ചെന്നുള്ള പരിചരണവും ഫൌണ്ടേഷന്‍ പ്രവര്‍ത്തനത്തിലെ പ്രത്യേകതകളാണ്. ഇവയെല്ലാം തീര്‍ത്തും സൌജന്യമായാണ് നല്‍കി വരുന്നത്.

ആധുനിക സൌകര്യത്തോടെ സ്‌പെഷ്യല്‍ സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഒരു എക്കറിലധികം സ്ഥലം വിലക്കെടുത്തു ‘കാരുണ്യ തീരം’ എന്ന പേരില്‍ ഒരു ക്യാമ്പസ് സ്ഥാപിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈകല്യമുള്ള കുരുന്നുകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ സേവനങ്ങളെല്ലാം ചെയ്തുകൊടുക്കാന്‍ ഫൌണ്ടേഷന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

സംഗമത്തില്‍ ഡോക്ടര്‍. ബഷീര്‍ പൂനൂര്‍ അധ്യക്ഷം വഹിച്ചു. ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി. കെ. എ ഷമീര്‍ ബാവ പദ്ധതി വിശദീകരിച്ചു. ജമാല്‍ വട്ടപ്പോയില്‍, സലിം പെരുമന്ന, അബ്ദുല്‍ മജീദ് തേയ്ക്കും തോട്ടം(ഫൌണ്ടേഷന്‍ റിലീഫ് ചെയര്‍മാന്‍), കുഞ്ഞിമൂസ കൂരാര, ഡോ. ഷഫീക്, ലത്തീഫ് ചെട്ടിപ്പടി സംസാരിച്ചു. തായിഫ് ചാപ്റ്റര്‍ ഭാരവാഹികളായി ഡോ. ബഷീര്‍ പൂനൂര്‍ (ചെയര്‍മാന്‍), ജമാല്‍ വട്ടപ്പോയില്‍(വൈ. ചെയര്‍മാന്‍), സലിം പെരുമന്ന (കണ്‍വീനര്‍), അഷ്‌റഫ് അലി നന്മിണ്ട (ജോ. കണ്‍വീനര്‍), അബ്ദുല്‍ ഖാദര്‍ പന്നൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.