മുംബൈ: സൗദിയില്‍ തൊഴില്‍ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുയാണെന്നും തൊഴിലുടമകളുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എം.പിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. വെസ്റ്റ് റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ദവാദ്മിയിലാണ് യുവതിയുള്ളത്.

ഒരു വര്‍ഷം മുന്‍പാണ് ഞാന്‍ സൗദിയില്‍ എത്തുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ സഹായിക്കണം. കടുത്ത വേദനയോടെയാണ് ഇവിടെ നില്‍ക്കുന്നത്. മാത്രമല്ല എന്റെ ജീവന്‍ വരെ അപകടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കൊടിയ പീഡനത്തിന് ഇരയാവുകയാണ്. ഹോഷിയാര്‍പൂരില്‍ നിന്നുള്ള ഒരു കുട്ടിയെ താങ്കള്‍ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നേയും കൂടി എങ്ങനെയെങ്കിലും സഹായിക്കണം. എന്നെ നിങ്ങളുടെ മകളുടെ സ്ഥാനത്ത് കാണണം. സഹായിക്കണം. എന്നെ ചതിയിലൂടെ ഇവിടെ എത്തിച്ചതാണ്. ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- യുവതി വീഡിയോയില്‍ പറയുന്നു.

കുറേ ദിവസങ്ങളായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ശാരീരികമായി പീഡിപ്പിക്കപ്പെടുകയാണ്. ഒരു മുറിയില്‍ അവര്‍ എന്നെ അടച്ചിട്ടിരിക്കുകയാണ്. അല്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പൊലീസിനെ സമീപിക്കുമായിരുന്നു. ഇതിന് മുന്‍പ് പൊലീസിനെ സമീപിച്ചപ്പോള്‍ അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനില്‍ നിന്നും അവര്‍ എന്നെ ചവിട്ടിപ്പുറത്താക്കി. ഇതേ വീട്ടിലേക്ക് എനിക്ക് വീണ്ടും വരേണ്ടി വന്നു. – യുവതി പറയുന്നു.

തനിക്ക് എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ തിരിച്ചെത്തണമെന്നും അല്ലെങ്കില്‍ താന്‍ കൊല്ലപ്പെടുമെന്ന് കൂടി യുവതി പറയുന്നുണ്ട്.


Dont Miss ഗര്‍ഭകാലയളവ് സ്ത്രീയും പുരുഷനും 4.5 മാസം വീതം പങ്കുവെയ്ക്കണം: ലിംഗസമത്വത്തെ പരിഹസിച്ച് ജംഇയത്ത് ഇ ഉലമ സെക്രട്ടറി


എനിക്ക് കുഞ്ഞുങ്ങളുണ്ട്. അവരെ കാണണം. എന്റെ അമ്മയ്ക്ക് സുഖമില്ല. അവര്‍ ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് ഇരിക്കുകയാണ്. ഇവിടെ എനിക്കിനി തുടരാനാവില്ല. എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നും രക്ഷിക്കണം. വളരെ ക്രൂരമായാണ് ഇവിടെയുള്ളവര്‍ എന്നോട് പെരുമാറുന്നത്. ഒട്ടും മനുഷ്യത്വമില്ലാത്തവരാണ് അവര്‍. പഞ്ചാബില്‍ നിന്നുള്ള ഒരാളും ഇനി സൗദിയിലേക്ക് ജോലി അന്വേഷിച്ച് വരരുത്- യുവതി വീഡിയോയിലൂടെ പറയുന്നു. ദുരന്തപൂര്‍ണായ ജീവിതമാണ് ഞാന്‍ ഇവിടെ തള്ളിനീക്കുന്നത്. ഇനി എന്റെ നാട്ടില്‍ നിന്നും ഒരു സഹോദരനും സഹോദരിയും ഇവിടെ വരരുത്. ആര്‍ക്കും ഈ അനുഭവം ഉണ്ടാവരുത്. – യുവതി പറയുന്നു.

എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എം.പി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.