എഡിറ്റര്‍
എഡിറ്റര്‍
അഴിമതി ആരോപണം: പഞ്ചാബ് മന്ത്രി ഗുല്‍സര്‍ സിങ് റണികെ രാജിവെച്ചു
എഡിറ്റര്‍
Monday 17th September 2012 10:34am

ചണ്ഡിഗഢ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഗുല്‍സര്‍ സിങ് റണികെ രാജിവെച്ചു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് തന്റെ പി.എക്കെതിരെ ഉയര്‍ന്ന ആരോപണമാണ് രാജിയ്ക്ക് കാരണം.

വില്ലേജ് സര്‍പ്പാഞ്ചുകളുടെ പേരില്‍ വിവിധ ബാങ്കുകളിലായി റണികെയുടെ പി.എയായ സര്‍ബ്ദയാല്‍ സിങ് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി 1.15 കോടി രൂപ വെട്ടിച്ചുവെന്നാണ് കേസ്.

Ads By Google

ആരോപണം വന്‍വിവാദമായതോടെ ഇതിന്റെ അന്വേഷണം വിജിലന്‍സിന് കൈമാറാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ച് റണികെ രാജിക്കത്ത് സമര്‍പ്പിച്ചത്.

രാഷ്ട്രീയത്തോടുള്ള തന്റെ സത്യസന്ധതയാണ് രാജിയിലൂടെ തെളിയിക്കുന്നതെന്നും സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അന്വേഷണം സുതാര്യമായിരിക്കണം. അതിന് തന്റെ പദവി തടസ്സമാവില്ലെന്നും അതിനാലാണ് മന്ത്രിസഭയില്‍ നിന്നും പുറത്തുപോവാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ പ്രകാശ് സിങ് ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗുല്‍സര്‍ സിങ് റണികെ.

എന്നാല്‍ രാജിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പ്രകാശ് സിങ് ബാദല്‍ തയ്യാറായില്ല.

Advertisement