ചണ്ഡീഗഢ്: പ്രകാശ് ഝായുടെ ചിത്രം ‘ആരക്ഷണ്‍’ റിലീസ് ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ചില നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പഞ്ചാബ്. സര്‍ക്കാര്‍ നിയോഗിച്ച സമിതി ആരക്ഷണ്‍ കണ്ടശേഷമാണ് നിബന്ധനകളുമായി പഞ്ചാബ് രംഗത്തെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം ചിത്രം കണ്ട കമ്മിറ്റി കഴിഞ്ഞദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചില കമ്മ്യൂണിറ്റികളെ വൈകാരികമായി പ്രകോപിപ്പിക്കുന്ന ഡയലോഗുകളും സീനുകളും ചിത്രത്തിലുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ.

ഇത് സമൂഹത്തില്‍ പല പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ച് ഇത്തരം വിഭാഗക്കാര്‍ കൂടുതലുള്ള പഞ്ചാബ് പോലുള്ള ജില്ലകളില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പാനല്‍ ചൂണ്ടിക്കാട്ടുന്നു.

ദളിത് വിഭാഗത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇത് പോസിറ്റീവായ രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയും. വിദ്യാഭ്യാസ വ്യവസായ വത്കരണത്തിന്റെ പ്രശ്‌നങ്ങളെ ‘ആരക്ഷണ്‍’ വ്യക്തമാക്കുന്നു. ദളിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വിദ്യാഭ്യാസപുരോഗതി അനിവാര്യമാണെന്ന സന്ദേശവും ചിത്രം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

പോസിറ്റീവായ ഇമേജുണ്ടാക്കുന്ന തരത്തില്‍ ചിത്രത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് നിര്‍മ്മതാവിന് സമീപിക്കും. ഇക്കാര്യം ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ആഭ്യന്തര സെക്രട്ടറി സമീര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ചിത്രം സാമൂഹ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ആരക്ഷണിന് നിരോധനം എര്‍പ്പെടുത്തിയത്.

അതിനിടെ പഞ്ചാബില്‍ ചിത്രം നിരോധിച്ചതിനെതിരെ സംവിധായകന്‍ പ്രകാശ് ഝാ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ആഗസ്റ്റ് 16ന് കോടതി പരിഗണിക്കും.