മുംബൈ: ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്ന് ഐ പി എല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സിനേയും പഞ്ചാബ് കിംഗ്‌സ് ഇലവനേയും ഐ പി എല്ലില്‍ നിന്നും വിലക്കി. ടീമിന്റെ ഉടമസ്ഥാവകാശകത്തെക്കുറിച്ച് വ്യക്തമായ വിവരം സമര്‍പ്പിക്കാത്തതാണ് ടീമുകള്‍ക്ക് വിനയായത്. ടീമുകള്‍ക്ക് ഐ പി എല്‍ നാലാം സീസണില്‍ കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ കൊച്ചി ടീമിന് നോട്ടീസ് അയക്കാനും മുംബൈയില്‍ ചേര്‍ന്ന ഐ പി എല്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചു.

ടീം ഉടമസ്ഥതയുമായി ബന്ധപ്പെട്ട് മൂന്നുടീമുകള്‍ക്കും ബി സി സി ഐ നേരത്തേ നോട്ടീസ് അയച്ചിരുന്നു. ആദ്യസീസണില്‍ രണ്ട് ഉടമസ്ഥരായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാംസീസണില്‍ ഉടമസ്ഥരുടെ എണ്ണം കൂടുകയും ഇത് ബി സി സി ഐയെ അറിയാക്കിതിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നടപടി. പ്രീതി സിന്‍ഡയും നെസ് വാഡിയയുമടങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ഓഹരി ഉടമകളെക്കുറിച്ച് വ്യക്തതയില്ല എന്ന കാരണമാണ് വിനയായത്.

രാജസ്ഥാന്‍ റോയല്‍സിനെ ഒഴിവാക്കിയ നടപടിക്ക് നിയമസാധുതയില്ലെന്ന് റോയല്‍സ് ഉടമ രാജ് കുന്ദ്ര അഭിപ്രായപ്പെട്ടു. തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കുന്ദ്ര വ്യക്തമാക്കി.

കളിക്കാരുടെ ലേലവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അടുത്തമാസംവരെ നിര്‍ത്തിവയ്ക്കാനും ഇന്നുചേര്‍ന്ന യോഗം തീരുമാനിച്ചു. കൊച്ചിയുടെ ഉടമകളായ റെന്‍ഡിവൂ കണ്‍സോഷ്യം ഇതുവരെ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ രാജസ്ഥാനും പഞ്ചാബിനും ശേഷം കൊച്ചി ടീമിന്റെ ഊഴമായിരിക്കുമെന്നാണ് സൂചന.