ഫരീദ്‌കോട്ട്(പഞ്ചാബ്): വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടത്തിയ വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കൊട്കാപൂര നഗരിയിലാണ് സംഭവം.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്രംജിത് സിങ് ആണ് മരണപ്പെട്ടത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കമ്രീംബ്രാറിനാണ് പരിക്കേറ്റത്. ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. വിക്രംജിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.


Dont Miss സൗദിയുമായി രഹസ്യകരാറുണ്ടെന്ന് ഇസ്രഈലി മന്ത്രിയുടെ വെളിപ്പെടുത്തല്‍


ചടങ്ങിനിടെ വെടിയുതിര്‍ത്ത വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവെച്ചത്. സെക്ഷന്‍ 304, 336 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചരണ്‍ജീത് കൗര്‍ പറഞ്ഞു.

‘തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ് ഇത്. വിവാഹ വീടുകളില്‍ വെടിയുതിര്‍ത്തുകൊണ്ടുള്ള ആഘോഷം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഞങ്ങള്‍ നല്‍കിയതാണ്. പക്ഷേ പലരും അത് പാലിക്കുന്നില്ല-ഫരീദ്‌കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ. നാനക് സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 കാരിയായ നര്‍ത്തകി കുല്‍വീന്ദര്‍ കൗറും വിവാഹ വീട്ടിലെ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

അതേവര്‍ഷം ഒക്ടോബറിലും പട്യാലയിലെ കദ്രാബാദ് വില്ലേജില്‍ വിവാഹവീട്ടിലെ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ സുര്‍ജിത് കൗര്‍ എന്ന 70 കാരനും കൊല്ലപ്പെട്ടിരുന്നു.