Categories

പഞ്ചാബ് രാജസ്ഥാനെ തകര്‍ത്തു

മൊഹാലി: പഞ്ചാബ് കിംഗ്‌സിന്റെ പോള്‍ വല്‍ത്തട്ടിയും ഷോണ്‍ മാര്‍ഷും ഗില്‍ക്രിസ്റ്റും ദിനേഷ് കാര്‍ത്തികുമടങ്ങുന്ന ബാറ്റിംഗ്‌നിര രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാരെ അടിച്ച് തകര്‍ത്താടിയപ്പോള്‍ പിറന്നത് 195 റണ്‍സ്. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് പഞ്ചാബ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 195 റണ്‍സ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ടോസ്‌നേടിയ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണ്‍ കിംഗ്‌സ് ഇലവനെ ആദ്യം ബാറ്റിംഗിനയയക്കുകയായിരുന്നു. വോണിന്റെ ഈ വിഡ്ഢിത്തത്തിന് നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.പഞ്ചാബിന്റെ 48 റണ്‍സ് വിജയം. കേവലം 2.5 ഓവറില്‍ പഞ്ചാബ് 50 പിന്നിട്ട പഞ്ചാബിന് ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ പോള്‍ വല്‍ത്തട്ടിയും നായകന്‍ ഗില്‍ക്രിസ്റ്റും ചേര്‍ന്ന് നല്‍കിയത് സ്വപ്നതുല്യമായ തുടക്കമാണ്. ഷെയ്ന്‍ വാട്‌സനാണ് 4.2 ഓവറില്‍ 67 റണ്‍സ് അടിച്ചുകൂട്ടിയ ഈ കൂട്ടുകെട്ടു പൊളിച്ചത്. ഗില്ലി 16 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. തൊട്ടുപിന്നാലെയെത്തിയ ഷോണ്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് വല്‍ത്തട്ടി റോയല്‍സ് ബൗളര്‍മാരെ കണക്കറ്റു പ്രഹരിച്ചു. ഐപിഎല്‍ നാലാം സീസണിലെ വിസ്മയം. റോയല്‍സിന്റെ എല്ലാ ബൗളര്‍മാരെയും തച്ചുടച്ചു മുന്നേറിയ ഇരുവരും ഒരിക്കലും മറക്കാനാകാത്ത കാഴ്ചയാണ് ആസ്വാദകര്‍ക്ക് നല്‍കിയത്.

സിക്‌സിന്റെയും ബൗണ്ടറിയുടെയും വെടിക്കെട്ട് ഇരുവരുടെയും ബാറ്റില്‍നിന്ന് പിറന്നു. ഇതിനിടെ വല്‍ത്തട്ടിയെ പുറത്താക്കാന്‍ ലഭിച്ച ഒന്നിലധികം അവസരങ്ങള്‍ റോയല്‍സ് പാഴാക്കി. ചിലതു നോബോളുമായി. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി വല്‍ത്തട്ടി കൈക്കലാക്കി. സച്ചിനെയാണ് വല്‍ത്തട്ടി മറികടന്നത്. 31 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സുമടക്കം 46 റണ്‍സ് നേടിയ വല്‍ത്തട്ടിയെ ഷെയ്ന്‍ വോണാണ് ഔട്ടാക്കിയത്. പുറത്തായശേഷം മാര്‍ഷും കാര്‍ത്തികും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഷെയ്ന്‍ വോണിന്റെ ഒരോവറില്‍ മൂന്നു സിക്‌സാണ് മാര്‍ഷ് അടിച്ചെടുത്തത്. 16 പന്തില്‍ 20 റണ്‍സ് നേടിയ കാര്‍ത്തിക് പുറത്തായെങ്കിലും മാര്‍ഷിന്റെ പോരാട്ടത്തിന് തടയിടാന്‍ റോയല്‍സിനായില്ല.

അവസാന ഓവറുകളില്‍ ഉദ്ദേശിച്ചപോലെ റണ്‍സ് നേടാന്‍ പഞ്ചാബിനായില്ല. മലയാളിതാരം അഭിഷേക് നായര്‍ ഒരു റണ്ണെടുത്ത് റണ്ണൗട്ടാവുകയും ചെയ്തു. അധികം താമസിയാതെ മാര്‍ഷും മടങ്ങിയതോടെ 18.1 ഓവറില്‍ പഞ്ചാബ് അഞ്ചിന് 185 എന്ന അവസ്ഥയിലായി. വാട്‌സന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ചു മാര്‍ഷിനെ പുറത്താക്കുമ്പോള്‍ 42 പന്തില്‍ നാലു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 71 റണ്‍സ്‌നേടിയിറുന്നു. റോയല്‍സിനുവേണ്ടി ഷോണ്‍ ടെയ്റ്റ് മൂന്നും ഷെയ്ന്‍ വാട്‌സന്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാമത്തെ ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ ദ്രാവിഡിനെ മടക്കിയയച്ചുകൊണ്ട് റയാന്‍ ഹാരിസ് പഞ്ചാബിന് ആദ്യ ബ്രേക് ത്രൂ നല്‍കി. കേവലം 12 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ റോയല്‍സ്‌സ്‌കോര്‍. തൊട്ടുപിന്നാലെ അസ്‌നോദ്കറെ പ്രവീണ്‍കുമാറും മടക്കി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന വാട്‌സനും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വാട്‌സനും (24) പുറത്തായതോടെ റോയല്‍സിന്റെ പ്രതീക്ഷ അസ്തമിച്ചു. 34 റണ്‍സെടുത്ത മനേരിയയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിനു വേണ്ടി പ്രവീണ്‍കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ പഞ്ചാബ് പോയിന്റു നിലയില്‍ മൂന്നാമതെത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.