മൊഹാലി:വിജയത്തേരില്‍ പുലിക്കുട്ടികളെപ്പോലെ കുതിച്ച മുംബൈ പഞ്ചാബ് കിംഗ്‌സിനു മുമ്പില്‍ പൂച്ചകളായി. നാട്ടുകാരെ സാക്ഷിനിര്‍ത്തി ഗില്‍ക്രിസ്റ്റും സംഘവും 67 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്.

ടോസ് നേടി പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു മുംബൈ. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ മുംബൈയുടെ മറുപടി 12.5 ഓവറില്‍ 87 റണ്‍സില്‍ ഒതുങ്ങി. 17 റണ്‍സെടുത്ത പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഭാര്‍ഗവ് ബട്ടാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്.

ബ്ലിസാര്‍ഡ് 15, റായിഡു 13, പൊള്ളാര്‍ഡ് 17, ഹര്‍ഭജന്‍ സിംഗ് 12 എന്നിവര്‍ മാത്രമെ മുംബൈ നിരയില്‍ രണ്ടക്കം കടന്നുള്ളു. മുന്‍നിര ബാറ്റ്‌സ്മാന്മാരായ സച്ചിന്‍ 6, രോഹിത് ശര്‍മ 5, സൈമണ്ട്‌സ് 8 എന്നിവര്‍ നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഷോണ്‍ മാര്‍ഷ് 43, ദിനേശ് കാര്‍ത്തിക് 31, ആദം ഗില്‍ക്രിസ്റ്റ് 28 എന്നിവരുടെ മികവിലാണ് മുംബൈക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചത്. മുംബൈയ്ക്കായി മുനാഫ് പട്ടേല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മലിംഗ രണ്ട് വിക്കറ്റെടുത്തു. പക്ഷെ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുകയായിരുന്നു.