ചെന്നൈ: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗിന് പകരക്കാരനായി പൂനെ വാരിയേഴ്‌സിന് മറ്റൊരുതാരത്തെ ടീമിലെടുക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കി.

നേരത്തെ പൂനെ വാരിയേഴ്‌സിന്റെ ഉടമസ്ഥരായ സഹാറ ഗ്രൂപ്പ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നില്ല. ബി.സി.സി.ഐയുമായുണ്ടായ ഭിന്നതയെ തുടര്‍ന്ന് സഹാറ ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പൂനെ ടീമിന്റെ ഉടമസ്ഥതയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ഐ.പി.എല്ലില്‍ പൂനെയെ കളിപ്പിക്കാമെന്ന് സഹാറ നിലപാട് മാറ്റുകയായിരുന്നു. ആറ് വിദേശതാരങ്ങളെ കളിപ്പിക്കണമെന്ന് സഹാറ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ തീരുമാനം ബോര്‍ഡ് തള്ളുകയായിരുന്നു.

സഹാറയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബി.സി.സി.ഐയും സഹാറ ഗ്രൂപ്പ് അധികൃതരും മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സഹാറയുടെ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രവര്‍ത്തകസമിതിയോഗത്തിനു ശേഷം തീരുമാനമറിയിക്കാമെന്നായിരുന്നു ബോര്‍ഡ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവരാജ് സിംഗിന് പകരം മറ്റൊരു താരത്തെ വെയ്ക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

Malayalam News

Kerala News In English