മുംബൈ: പൂനെ വാരിയേര്‍സിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി ആറാമത്തെ കളിയും സുന്ദരമായി തോറ്റ് യൂവരാജിന്റെ ടീം ഐ.പി.എല്ലിന് പുറത്താകുന്ന ആദ്യ ടീമാകുമെന്ന് ഉറപ്പായി. മുംബൈക്കെതിരേ നടന്ന കളിയില്‍ 21 റണ്‍സിനാണ് വാരിയേര്‍സ് തോറ്റത്.

സുമന്റെ കരുത്തില്‍ മുംബൈ
ടി.എല്‍ സുമന്‍ എന്ന മധ്യനിരബാറ്റ്‌സ്മാന്റെ കരുത്തിലായിരുന്നു ആദ്യം ബാറ്റുചെയ്ത മുംബൈ ഏഴുവിക്കറ്റിന് 160 റണ്‍സ് എന്ന സ്‌കോര്‍ നേടിയത്. 16പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമായി സുമന്‍ 36 റണ്‍സെടുത്തു. ഓപ്പണര്‍ സ്ഥാനത്തേക്ക് ആദ്യമായിറങ്ങിയ ബ്ലിസാര്‍ഡിനും (6) സച്ചിനും (24) കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ന്നെത്തിയ റായ്ഡും 27 റണ്‍സിനും പൊള്ളാര്‍ഡ് 28 റണ്‍സിനും പുറത്തായി. പൂനെക്കായി ടെയ്‌ലറും യുവരാജും ശര്‍മയും രണ്ടുവിക്കറ്റ് വീതംവീഴ്ത്തി.

ആദ്യപന്തില്‍ തന്നെ റെയ്ഡറെ നഷ്ടപ്പെട്ടതോടെ പൂനെയുടെ വിധി കുറിക്കപ്പെട്ടിരുന്നു. എന്നാല്‍ പാണ്ഡേ 59 റണ്‍സെടുത്ത് ടീമിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ യുവരാജ് അടങ്ങുന് മധ്യനിര തകര്‍ന്നതോടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ വാരിയേര്‍സിനായുള്ളൂ. പൂനെ വാരിയേര്‍സിന്റെ ശര്‍മയാണ് കളിയിലെ താരം.