എഡിറ്റര്‍
എഡിറ്റര്‍
‘പണികിട്ടുമെന്ന്’ ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയതാണ്: പൂണെ ക്യൂറേറ്റര്‍
എഡിറ്റര്‍
Monday 27th February 2017 3:13pm

 

പൂനെ: ഓസീസിനെതിരായ ആദ്യമത്സരത്തിനൊരുക്കിയ പിച്ചിനെക്കുറിച്ച് ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോന്‍ക്കര്‍. ഡ്രൈ പിച്ചൊരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ‘ക്രിക്കറ്റ്‌നെക്സ്റ്റി’നോടാണ് പാണ്ഡുരംഗ് പറഞ്ഞത്.


Also read യുദ്ധത്തിനെതിരെ സംസാരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ പരിഹസിച്ച് സെവാഗിന്റെ ട്വീറ്റ് 


പൂനെയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസീസിനോട് ചരിത്രത്തിലെ രണ്ടാമത്തെ വലിയ പരാജയമാണ് ഇന്ത്യന്‍ സംഘം ഏറ്റുവാങ്ങിയിരുന്നത്. തോല്‍വിയറിയാതെ പത്തൊന്‍പത് മത്സരങ്ങള്‍ കളിച്ചെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ഇതുവരെയുള്ള വിജയങ്ങളുടെ ശോഭ കെടുത്തുന്ന വിധത്തിലായിരുന്ന കോഹ്‌ലിയും സംഘവും പൂനെയില്‍ നിന്നു മടങ്ങിയത്. ഇതിനു പിന്നാലെയാണ് ക്യൂറേറ്റര്‍ പിച്ചൊരുക്കിയതിലെ അപകാതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിതായി പറയുന്നത്.

‘ബി.സി.സി.ഐ പിച്ച് കമ്മിറ്റി തലവന്‍ ദല്‍ജിത്ത് സിങ്ങിനും വെസ്റ്റ് സോണ്‍ തലവന്‍ ധീരജ് പരസാനക്കും ഡ്രൈ പിച്ചൊരുക്കിയാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുവര്‍ക്കുമായിരുന്നു പിച്ചിന്റെ മേല്‍നോട്ടം. ആരുടെയും പേരുകള്‍ ഇനി വലിച്ചിഴക്കാന്‍ ശ്രമിക്കുന്നില്ല. അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പരമാവധി ഞാന്‍ പറഞ്ഞിരുന്നു’ പാണ്ഡുരംഗ് പറഞ്ഞു.

ടീമിനെ ബാധിക്കുമെന്നറിഞ്ഞിട്ടും ഇത്തരം പിച്ചൊരുക്കിയത് എന്തിനാണെന്ന ചോദ്യത്തിന് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു പാണ്ഡുരംഗിന്റെ മറുപടി. ഇന്ത്യന്‍ ടീമിലെയാരും സ്പിന്നിനനുകൂലമായി പിച്ചൊരുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിറ്റിയോട് ഇത്തരത്തില്‍ പിച്ചൊരുക്കാന്‍ ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്നും പാണ്ഡുരംഗ് പറഞ്ഞു.

മുന്‍ പരമ്പരകളില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ സ്പിന്‍ ബൗളേഴ്‌സ് പുറത്തെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സംഘത്തെക്കാള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഓസീസ് സ്പിന്നര്‍മാരായ ഓക്കീഫോയ്ക്കും ലയേണിനും കഴിഞ്ഞതോടെ ഇന്ത്യന്‍ ടീം മത്സരത്തിന്റെ സമഗ്ര മേഘലയിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റുകളും ഓക്കീഫോയും ലയേണുമാണ് നേടിയത്.

Advertisement