പൂനെ: പൂനെയില്‍ കര്‍ഷകര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെയ്പില്‍ ഒരു സ്ത്രീയടക്കം നാലുപേര്‍ മരിച്ചു. 23 പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി തലേഗാവിനടുത്ത് പുനെ-മുംബൈ എക്‌സ്പ്രസ് ഹൈവേയും ദേശീയപാതയും ഉപരോധിച്ച കര്‍ഷകര്‍ക്കുനേരെയാണ് പോലീസ് വെടിവെയ്പുണ്ടായത്.

പവന അണക്കെട്ടിലെ വെള്ളം വഴിതിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ പ്രകടനമാണ് ഏറ്റുമുട്ടലിലേക്കും തുടര്‍ന്ന് വെടിവെയ്പിലേക്കും വഴിതെളിച്ചത്. പവനാനദിയിലെ ജലം തൊട്ടടുത്തുള്ള വ്യവസായനഗരത്തിലേക്ക് എത്തിക്കുന്നതിനായി കനാല്‍ ഉണ്ടാക്കാന്‍ കൃഷിസ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം നടത്തിയിരുന്നത്. സമരത്തെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനൊരുങ്ങിയതോടെയാണ് ദേശീയപാതയും എക്‌സ്പ്രസ്‌വേയും ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചതെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന നേതാവ് ബാലാ സാഹേബ് പിംഗ്ലെ വ്യക്തമാക്കി. പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെയാണ് സമരം കൂടുതല്‍ അക്രമാസക്തമായത്.

പരിക്കേറ്റവരെ പൂനെ സസൂണ്‍ ജനറല്‍ ആശുപത്രിയിലും നഗരത്തിലെ മറ്റ് പ്രധാന ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.