മുബൈ: അമിതാഭ് ബച്ചനൊപ്പം വേദി പങ്കിടേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തീരുാമനിച്ചു. ബാന്ദ്രെ വോര്‍ളി സീലിങ്ക് ഉദ്ഘാടനച്ചടങ്ങില്‍ അമിതാഭ് ബച്ചനൊപ്പം വേദി പങ്കിട്ടത് വിവാദമായ സാഹചര്യത്തിലാണ് ചവാന്‍ പരിപാടി ഒഴിവാക്കിയത്. പൂനെയില്‍ നാളെ നടക്കുന്ന ഒരു സാഹിത്യ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ഇരുവരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ബിന്ദ്രെ വോര്‍ളി ചടങ്ങില്‍ മുഖ്യമന്ത്രി ബച്ചനൊപ്പം പങ്കെടുത്തത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ വിവാദമായിരിക്കയാണ്. ഗുജറാത്ത് സര്‍ക്കാറിന്റെ ബ്രാന്റ് അംബാസിഡറായിരുന്ന ബച്ചനൊപ്പം വേദി പങ്കിട്ടതാണ് വിവാദമായത്. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി പരിപാടി ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.