പൂനെ: പൂനെയില്‍ കര്‍ഷകര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെയ്പുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരായുധരായ കര്‍ഷകരെ ലക്ഷ്യമിട്ട് പോലീസ് വെടിവെക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

വ്യാഴാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തത്. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വെടിവെക്കുന്ന പോലീസുകാരില്‍ നിന്നും ഓടി രക്ഷപ്പെടുന്ന കര്‍ഷകരെ ഈ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്രയിലെ ഇരുസഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും തടസ്സപ്പെട്ടു. ആക്രമണത്തിനുത്തരവാദികളായ പോലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം ബഹളംവെച്ചു. ‘രക്തം മരവിപ്പിക്കുന്ന ഏറ്റുമുട്ടല്‍’ എന്നാണ് പ്രതിപക്ഷം ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

പോലീസിന് വെടിവെക്കേണ്ടി വന്ന സാഹചര്യം വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മഹരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നേരത്തെ ആഭ്യന്തര മന്ത്രാലയം സര്‍ക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ആറ് പേര്‍ക്കും പരിക്കേറ്റത് അരയ്ക്ക് താഴെയാണെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അവിചാരിതമായാണെന്നുമാണ് പൂനെ റൂറല്‍ പോലീസ് സുപ്രണ്ട് സന്ദീപ് കര്‍ണിക് പറയുന്നത്. കര്‍ഷകര്‍ കല്ലെറിയുകയും അവരുടെ നേതാക്കള്‍ തങ്ങളുടെ ജീപ്പ് കത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും, ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.

പൈപ്പ് ലൈന്‍ പ്രോജക്ടിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി തലേഗാവിനടുത്ത് പുനെമുംബൈ എക്‌സ്പ്രസ് ഹൈവേയും ദേശീയപാതയും ഉപരോധിച്ച കര്‍ഷകര്‍ക്കുനേരെയാണ് പോലീസ് വെടിവെയ്പുണ്ടായത്.