മുംബൈ: പൂനെ സ്‌ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനകളാണെന്ന് എ ടി എസ് തലവന്‍ കെ പി രഘുവന്‍ഷി സൂചന നല്‍കിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍.

‘ പൂനെ സ്‌ഫോടനത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് രഘുവന്‍ഷി മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഉണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും- പാട്ടീല്‍ മഹാരാഷ്ട്ര നിയമസഭയില്‍ വ്യക്തമാക്കി.

കേസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ പാട്ടീല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും ശിവസേന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിച്ചെന്നും സേനാ നേതാവ് ദിവാകര്‍ റാഓത്തെ സഭയില്‍ ആരോപിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ പാക് സംഘടനകളാണെന്നിരിക്കെ ഹിന്ദു സംഘടനകളെ എന്തിന് പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ദിവാകര്‍ ചോദിച്ചു.

എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇനി മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്ന് പാട്ടീല്‍ വ്യക്തമാക്കി. പോലീസ് എല്ലാ ഘടകങ്ങളും പരിശോധിക്കുന്നുണ്ട്. മുബൈ ആക്രമണത്തിന് പുറമെ തീവണ്ടികളിലെ സ്‌ഫോടനങ്ങളും മെല്‍ഗോണ്‍, നന്ദേഡ്, ഗോവാ സ്‌ഫോടനങ്ങളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.