എഡിറ്റര്‍
എഡിറ്റര്‍
സുനി കോടതിയിലെത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ പള്‍സര്‍ ബൈക്കില്‍
എഡിറ്റര്‍
Thursday 23rd February 2017 4:09pm

കൊച്ചി: കീഴടങ്ങാനായി ഏറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പള്‍സര്‍ സുനിയെത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കില്‍. ടി.എന്‍ 04 ആര്‍ 1496 എന്ന നമ്പറിലുള്ള പള്‍സര്‍ ബൈക്കിലാണ് സുനി കോടതിയിലേക്കു പ്രവേശിച്ചത്.

അഭിഭാഷകന്റെ വേഷത്തില്‍ ഹെല്‍മറ്റ് ധരിച്ചാണ് ബൈക്കില്‍ സഞ്ചരിച്ചത്. പിന്നീട് മതില്‍ചാടി കോടതിക്കുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. സുനിക്കൊപ്പം വിജീഷും ഉണ്ടായിരുന്നു.

കോടതിയ്ക്കുള്ളിലേക്ക് സുനിയും വിജീഷും കയറിയത് അഭിഭാഷകനൊപ്പമാണ്. തുടര്‍ന്ന് ഇതുസംബന്ധിച്ചു വിവരം ലഭിച്ച പൊലീസ് ഉടന്‍ കോടതിക്കുള്ളിലേക്കു കടയ്ക്കുകയും സുനിയെയും വിജീഷിനെയും ബലപ്രയോഗത്തിലൂടെ പിടിച്ചുവലിച്ചു കൊണ്ടുപോകുകയുമായിരുന്നു.

അതിനിടെ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത പൊലീസ് നടപടിയ്‌ക്കെതിരെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിക്കൂട്ടില്‍ നില്‍ക്കവെ മജിസ്‌ട്രേറ്റ് ചേമ്പറിലിരിക്കെയാണ് പ്രതിയെ പൊലീസ് മര്‍ദ്ദിച്ച് പിടിച്ചുകൊണ്ടുപോയതെന്നും ഇത് അതിക്രമമാണെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു.

അഭിഭാഷകരുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. പൊലീസ് ഏറെപ്പണിപ്പെട്ടാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നും പ്രതിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.ജി.പി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20ഓടെയാണ് സുനിയെ പൊലീസ് കോടതിയില്‍വെച്ച് നാടകമായി അറസ്റ്റു ചെയ്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പ്രതികളെ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയാണ്.

Advertisement