എഡിറ്റര്‍
എഡിറ്റര്‍
നടി പൊലീസില്‍ പറയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല; പരാതിപ്പെട്ടതോടെ പദ്ധതി പാളി: പള്‍സര്‍ സുനിയുടെ മൊഴി
എഡിറ്റര്‍
Friday 24th February 2017 10:18am

കൊച്ചി: നടിയെ ആക്രമിക്കാന്‍ തനിക്ക് ആരും ക്വട്ടേഷന്‍ തന്നതല്ലെന്നും സംഭവത്തിന്റെ എല്ലാ പ്ലാനിങ്ങും തന്റേത് മാത്രമായിരുന്നെന്നും പള്‍സര്‍ സുനിയുടെ മൊഴി.
നടിയില്‍ നിന്നും 50 ലക്ഷം തട്ടാനായിരുന്നു പദ്ധതി. ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയായതിനാല്‍ തന്നെ അവരുടെ കയ്യില്‍ ധാരാളം പണമുണ്ടാകുമെന്ന് കരുതിയിരുന്നു. അവരില്‍ നിന്നും എളുപ്പത്തില്‍ പണം തട്ടാമെന്നും കരുതി. അങ്ങനെയാണ് അവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.

അതുകൊണ്ടാണ് നാളെ വിളിക്കാം എന്ന് പറഞ്ഞ് നടിയെ വെറുതെ വിട്ടത്. നടി സംഭവത്തെ കുറിച്ച് ആരോടും പറയില്ലെന്നും പിറ്റേദിവസം വിളിച്ചാല്‍ എളുപ്പത്തില്‍ പണം കൈമാറുമെന്ന് കരുതിയിരുന്നെന്നും പള്‍സര്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ സംഭവത്തെ കുറിച്ച് നടി പൊലീസില്‍ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നടി സംഭവം പൊലീസില്‍ പറഞ്ഞതോടെ തങ്ങളുടെ പദ്ധതി പാളിയെന്നും സുനി പൊലീസില്‍ മൊഴി നല്‍കി. തനിക്കൊപ്പമുള്ള 4 പേര്‍ക്കും സംഭവത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. മറ്റുപല കാര്യങ്ങളും പറഞ്ഞാണ് അവരെ കൂടെക്കൂട്ടിയത്.

സംഭവത്തെ കുറിച്ച് മുന്‍കൂട്ടി ധാരണ ഉണ്ടായിരുന്നത് മാര്‍ട്ടിനും തനിക്കും മാത്രമാണ്. കാമുകിയുമൊത്ത് ജീവിക്കാനാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഒളിവില്‍ കഴിയുന്നതിനിടെ ഓടയില്‍ വലിച്ചെറിഞ്ഞെന്നും പള്‍സര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ പുലര്‍ച്ചെ 3 മണിവരെ തുടര്‍ച്ചയായി പൊലീസ് പള്‍സറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുയാണ്.

Advertisement