ആലപ്പുഴ: കോടതിയില്‍ വക്കീല്‍ കോട്ടിട്ട് ക്രിമിനല്‍ കേസ് പ്രതി പ്രവേശിച്ചാല്‍ അത് ആള്‍മാറാട്ടമാണെന്ന് മന്ത്രി ജി. സുധാകരന്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയ്ക്ക് കോടതിയില്‍ കീഴടങ്ങാനെത്താന്‍ കോട്ടു കൊടുത്ത് സഹായിച്ച വക്കീലിനെ അറസ്റ്റ് ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പ്രതികളെ കോടതിയില്‍ കയറി പൊലീസ് പിടികൂടിയ രീതിയെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കള്ളന്‍മാര്‍ കോടതിയില്‍ കയറിക്കൂടി രക്ഷപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നത് ആശാസ്യകരമല്ല. അഭിഭാഷകര്‍ നിയമങ്ങളെ വ്യാഖ്യാനിക്കുന്നവരാകണം. അല്ലാതെ ക്രിമിനലുകളെ സംരക്ഷിക്കുന്നവര്‍ ആകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.


Dont Miss പള്‍സര്‍ സുനിയുമായി പൊലീസ് കോയമ്പത്തൂരില്‍; തെളിവെടുപ്പ് നടത്തി 


പ്രതിയെ പിടികൂടുന്നത് ചില അഭിഭാഷകര്‍ അവിടെ വെച്ച് എതിര്‍ത്തിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വക്കീലിന്റെ കോട്ടിട്ടാണ് പ്രതി കോടതിയിലെത്തിയത്.

വക്കീലിന്റെ സഹായത്തോടെയുള്ള ആള്‍മാറാട്ടമാണിത്. ന്യായാധിപന്‍മാര്‍ ഇരിക്കുമ്പോള്‍ മാത്രമാണ് കോടതി മുറിയാകുന്നത്. അല്ലാത്തപ്പോള്‍ അത് വെറും മുറി മാത്രം. മജിസ്ട്രേറ്റ് നിര്‍ദേശിച്ചാല്‍ മാത്രമേ കോടതിയിലെ കൂട്ടില്‍ കയറി നില്‍ക്കാന്‍ അനുവാദമുള്ളൂ. അല്ലാതെ ആര്‍ക്കും കയറി നില്‍ക്കാനുള്ള ഇടമല്ല അതെന്നും മന്ത്രി പറഞ്ഞു.