കൊച്ചി: സിനിമാതാരത്തിനെതിരായ ആക്രമണ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ഗൂഢാലോചനയും പിന്നിലുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.

നടിയില്‍ നിന്നും 30 ലക്ഷം തട്ടാനായിരുന്നു ശ്രമമെന്നും അതിന്റെ 50 ശതമാനം തങ്ങള്‍ക്ക് നല്‍കാമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വാഗ്ദാനം ചെയ്തതായിരുന്നുവെന്നും ഡ്രൈവര്‍ മാര്‍ട്ടിന്‍ പറഞ്ഞതായ് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെ്ട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, സംഭവം നടന്നതിന് തൊട്ടുപിന്നാലെ സിനിമാ മേഖലയിലെ ചിലര്‍ സുനിയെ ഫോണില്‍ വിളിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.


Also Read: നടിക്കെതിരായ ആക്രമണം; പിന്നില്‍ പ്രമുഖ നടനുമായുള്ള പ്രശ്‌നമാണോയെന്ന് അന്വേഷിക്കണമെന്ന് വി.മുരളീധരന്‍


സംഭവ സമയത്ത് നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, ഗുണ്ടാസംഘാംഗങ്ങളായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് സംഭവത്തില്‍ പൊലിസ് കസ്റ്റഡിയില്‍ ഉള്ളത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.