എഡിറ്റര്‍
എഡിറ്റര്‍
കോടതിയില്‍ പിടിയും വലിയും; ഒടുക്കം വിജയം പൊലീസിന് ; പള്‍സര്‍ സുനി അറസ്റ്റില്‍
എഡിറ്റര്‍
Thursday 23rd February 2017 1:44pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റില്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

വളരെ നാടകീയമായായിരുന്നു അറസ്റ്റ്. കോടതിയുടെ പിന്‍വാതിലിലൂടെ കോടതിക്കുള്ളിലേക്ക് കടന്ന സുനി പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ നില്‍ക്കേണ്ട ബോക്‌സിനുള്ളില്‍ കടക്കുകയും ഉടന്‍ തന്നെ മഫ്തിയിലെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ സുനിയെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുകയുമായിരുന്നു.

ബലപ്രയോഗത്തിനിടെ കൂട്ടുപ്രതിയായ വിജേഷ് നിലത്ത് വീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പൊലീസെത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുനിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. സുനി ഏതെങ്കിലും കോടതികളില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ടായതിനെ തുടര്‍ന്ന തന്നെ സംസ്ഥാനത്തെ വിവിധ കോടതികളില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിരുന്നു.

യാതൊരു കാരണവശാലും സുനിയെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്നും അതിന് മുന്‍പ് തന്നെ പിടികൂടുമെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ ഇന്ന് വളരെ നാടകീയമായാണ് സുനി എ.സി.ജെ.എം കോടതിയില്‍ കീഴങ്ങാനായി എത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ അമ്പലപ്പുഴയിലും കോയമ്പത്തൂരും പൊലീസ് എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സുനി രക്ഷപ്പെട്ടിരുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാര്‍ച്ച് 3 ലേക്ക് നീട്ടിവെക്കുകയായിരുന്നു.

സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായിരുന്ന സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങാന്‍ സുനി കോടതിയില്‍ എത്തിയത്.

സുനിയും വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചിരുന്ന സൂചന. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

Advertisement