എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ചത് ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനിയുടെ മൊഴി
എഡിറ്റര്‍
Thursday 23rd February 2017 4:46pm

 

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ആരും ക്വട്ടേഷന്‍ തന്നില്ലെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കേസിലെ പ്രധാന പ്രതിയായ സുനി നടിയെ അക്രമിക്കാന്‍ തങ്ങള്‍ക്കാരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്ന് മൊഴി നല്‍കിയത്.

എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് പ്രതികളെ പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിക്കാന്‍ തങ്ങള്‍ക്കാരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലിന്റെ ആദ്യ നിമിഷങ്ങളില്‍ സുനി നല്‍കുന്ന വിവരം.

മറ്റു പ്രതികളെക്കുടി ചോദ്യം ചെയത് കഴിയുമ്പോഴേ മൊഴിയില്‍ വ്യക്തത വരുത്താനാകു എന്ന നിലപാടിലാണ് പൊലീസ്. സുനി ഇതിനു മുമ്പും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതിനാല്‍ വലിയൊരു ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടാകില്ലെന്ന നിലാപാടില്‍ തന്നെയായിരുന്നു അന്വേഷണ സംഘം ആദ്യം.

കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂര്‍ മാത്രമായപ്പോഴാണ് പ്രതികള്‍ ക്വട്ടേഷനല്ലെന്ന് മൊഴി നല്‍കിയിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ മൊഴികളില്‍ വ്യക്തത വരുത്താനാകൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Advertisement