എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനി തമിഴ്‌നാട്ടില്‍; ടവര്‍ ലൊക്കേഷന്‍ സ്ഥിരീകരിച്ച് പൊലീസ്
എഡിറ്റര്‍
Tuesday 21st February 2017 9:09am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ ഡ്രൈവര്‍ സുനി തമിഴ്‌നാട്ടില്‍ ഉള്ളതായി പൊലീസ്. തമിഴ്‌നാട്ടിലെ പീളമേട്ടില്‍ സുനിയുടെ ടവര്‍ ലൊക്കേഷന്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. സുനിയുടെ നീക്കം അറിഞ്ഞ് മുന്നോട്ട് നീങ്ങുകയാണെന്ന് പൊലീസ് പറയുന്നു.
ഇവിടെ സുനിക്കൊപ്പം കൂട്ടുപ്രതിയായ വിനീഷും ഉണ്ട്.

സുനിയുടെ സഹായിയായ മണികണ്ഠനാണ് സുനി കോയമ്പത്തൂരിലേക്ക് കടന്നതായ വിവരം പൊലീസിന് നല്‍കിയത്.

എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് മണികണ്ഠന്‍ പൊലീസിന് മൊഴിനല്‍കി. ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയതെന്നും മണികണ്ഠന്‍ വ്യക്തമാക്കി. സുനിക്കു പിന്നില്‍ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മില്‍ തര്‍ക്കമുണ്ടായതായും മണികണ്ഠന്‍ മൊഴി നല്‍കി.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളാണ് പിടിയിലായ മണികണ്ഠന്‍.

Advertisement