തിരുവനന്തപുരം: പുല്ലുമേട് ദുരന്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

പുല്ലുമേട് ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥകാട്ടുകയാണ്. അതിനാല്‍ പുല്ലുമേട് ദുരന്തത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് തിരവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്‌. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ നിരുത്തരവാദപരമായ സത്യവാങ്മൂലങ്ങളാണ് നല്‍കിയതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ഹൈക്കോടതിയുടെ അനുവാദം ആവശ്യമുള്ളതുകൊണ്ടാണ് ധനസഹായ വിതരണം വൈകുന്നതെന്നും ദുരന്തത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടന്നുവരികയാണെന്നും ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മറുപടി നല്‍കി.

തുടര്‍ന്ന് നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചെത്തി. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട്‌ ഭരണപ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു.