തിരുവനന്തപുരം: ഇടുക്കി പൂച്ചപ്രയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപാവീതം നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്കും ഇതേതുക നഷ്ടപരിഹാരമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതനിടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ഇന്ന് രാവിലെ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മേരി (45) ഏലിക്കുട്ടി (65) എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച്ച കണ്ടെടുത്തിരുന്നു.

ബുധനാഴ്ച്ച വൈകീട്ടോടെയാണ് കരുതിക്കുളത്തിനുസമീപം ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മണ്ണിടിച്ചിലുണ്ടായതാണ് ആളുകളുടെ മരണത്തിന് കാരണമായത്. ഏകദേശം രണ്ടുകിലോമീറ്ററുകളോളം മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. ഉരുള്‍ വരുന്നത് കണ്ട പലരും നേരത്തേ രക്ഷപ്പെട്ടതിനാലാണ് മരണസംഖ്യ കുറഞ്ഞത്.