Categories

Headlines

പാതയോര പൊതുയോഗ നിരോധനം: പുതിയ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി മറിക്കടക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിരോധനത്തിനെതിരെ നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ നിയമം സ്‌റ്റേ ചെയ്ത കോടതി വിധിയെ വിമര്‍ശിച്ച മുഖ്യമന്ത്രി നിരോധനം ലംഘിച്ചതിന്റെ പേരില്‍ കേസില്‍ പെടുന്നവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുമെന്നും അറിയിച്ചു.

ആറ്റുകാല്‍ പൊങ്കാല പോലെയുള്ള ഉല്‍സവങ്ങള്‍ക്ക് വിധി തടസ്സമാകില്ലെന്നും ഹൈകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം ആലോചിക്കുമെന്നും അദ്ദേഹം വെളിപെടുത്തി.  പ്രതിപക്ഷവും ഭരണപക്ഷവും ഒരേ വികാരമാണ് കോടതി വിധിക്കെതിരെ പ്രകടിപ്പിച്ചത്.

നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ നിയമത്തെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത് മറികടക്കാന്‍ സര്‍ക്കാരിന് ആകില്ല. പോലീസിനും ഇതിനുള്ള വിവേചനാധികാരം ഇല്ല. വ്യവസ്ഥാപിതമായ വഴികളിലൂടെ പ്രശ്‌നത്തില്‍ മാറ്റമുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച അംഗങ്ങള്‍ എല്ലാം ഹൈക്കോടതിയുടെ നിലപാടിലെ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരെ രണ്ടാംതരം പൗരന്മാരായാണ് കാണുന്നതെന്ന് കെ.മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ രണ്ടാംതരം പൗരന്മാരായി കാണാന്‍ എന്തെങ്കിലും നിര്‍ദ്ദേശം ജഡ്ജിമാര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ടോയെന്നും മുരളീധരന്‍ സഭയില്‍ ഉന്നയിച്ചു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി.കെ. ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Malayalam news

Kerala news in English