കോഴിക്കോട്: കലാലയങ്ങളില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ജനകീയ കൂട്ടായ്മ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. മാര്‍ച്ച് ആറുമുതല്‍ പത്തുവരെ രാജ്യത്തെമ്പാടും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് റിയാസ് അറിയിച്ചു.

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹറിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉണ്ടായ ആക്രമണം സമൂഹത്തിനാകെ മാനക്കേടുണ്ടാക്കുന്നതാണെന്നും റിയാസ് പ്രതികരിച്ചു.

എ.ബി.വി.പിയുടെ ക്രൂരതകള്‍ക്കെതിരെയുള്ള പ്രതികരണത്തെ രാജ്യത്തിനെതിരെയുള്ള വികാരമായി തെറ്റിദ്ധരിപ്പിക്കാന്‍ പലകോണില്‍ നിന്നും ശ്രമമുണ്ടായതായും റിയാസ് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ അനുഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ മോറല്‍ പൊലീസായി എ.ബി.വി.പി പ്രവര്‍ത്തിക്കുകയും നിയമം കൈയ്യിലെടുക്കുകയാണെന്നും റിയാസ് ആരോപിച്ചു.

ആര്‍.എസ്.എസിന്റെ തലമുതിര്‍ന്ന ബുദ്ധജീവിയായ രാകേഷ് സിന്‍ഹ പറഞ്ഞത് ഗുര്‍മെഹര്‍ മരിച്ചു പോയ തന്റെ പിതാവിനെ പരിഹസിക്കുകയായിരുന്നുവെന്നാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജിജു ചോദിച്ചത് ഈ പെണ്‍കുട്ടിയുടെ മനസ് മലിനമാക്കിയത് ആരാണെന്നായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനോടാണ് പെണ്‍കുട്ടിയെ ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹ ഉപമിച്ചതെന്നും റിയാസ് ചൂണ്ടിക്കാണിച്ചു.


Also Read: ‘ നിങ്ങളുടെ മനസ്സ് മലിനമാക്കിയത് ആരാണെന്ന് എനിക്കറിയാം ‘ ; കിരണ്‍ റിജ്ജിജുവിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍


രാഷ്ട്രീയ അനുഗ്രഹാശിസ്സുകളോടെയുള്ള ഇത്തരം ഗുണ്ടായിസങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരണമാണ് ദല്‍ഹി രാംജാസ് കോളേജില്‍ നടന്നതെന്നും റിയാസ് പറഞ്ഞു.

2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്തെ ക്യാമ്പസുകളില്‍ നില നില്‍ക്കുന്ന ജനാധിപത്യ സംവാദ വ്യവസ്ഥകളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും റിയാസ് ആരോപിച്ചു.

രോഹിത് വെമൂലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ സംഭവങ്ങള്‍, നജീബിന്റെ തിരോധാനം, പൂനെ, അലഹബാദ്, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ എ.ബി.വി.പി നടത്തിയ ആക്രമണങ്ങള്‍ ഇതിന്റെ അപകടമായ സൂചനയാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.