ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര പൊതുനിക്ഷേപക ബോര്‍ഡിന്റെ (പി.ഐ.ബി) അംഗീകാരം. 5,180 കോടിരൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് അന്തിമമായി അനുമതി നല്‍കേണ്ടത് കേന്ദ്ര മന്ത്രിസഭയാണ്. ഇതിന് മുന്നോടിയായാണ് പി.ഐ.ബി പദ്ധതി വിലയിരുത്തിയത്.

പി.ഐ.ബിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ കേന്ദ്രമന്ത്രിസഭ പദ്ധതി അനുമതിക്കായി പരിഗണിയ്ക്കൂ എന്നതിനാല്‍ ഈ അംഗീകാരത്തിന് വലിയ പ്രാധാന്യമുണ്ട്. മൂന്നാഴ്ചയ്ക്കകം പദ്ധതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആകെ ചെലവിന്റെ 15 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും. പദ്ധതിയുടെ ശേഷിക്കുന്ന 60 ശതമാനം തുക ജൈയ്ക്കു ലോണിലൂടെ ജപ്പാന്‍ നല്‍കുന്ന സാമ്പത്തിക സഹായമായിരിക്കും.

സാങ്കേതികമായി കേന്ദ്രമ ന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ റെയില്‍വേ ബജറ്റില്‍ 60 കോടി രൂപ മാത്രമാണ് കൊച്ചി മെട്രോക്കായി വകയിരുത്തിയിട്ടുള്ളത്.

അതേസമയം, കേന്ദ്ര പൊതു മെട്രോയുടെ പ്രധാനപ്പെട്ട കടമ്പകളെല്ലാം കടന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രമന്ത്രിസഭയുടെ അനുമതിയും ജാപ്പനീസ് വായ്പയുമാണ് ഇനി ലഭിക്കാനുള്ളത്. രണ്ടും പെട്ടെന്നു തന്നെ ലഭിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ 158 കോടിയും അനുവദിച്ചിട്ടുള്ളതിനാല്‍ മെട്രോയുടെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English