തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ സംസ്ഥാനത്തിന്റെ പൊതുകടം ലക്ഷം കോടി കവിയും. വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ 11,412 കോടി രൂപ പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കേണ്ടിവരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. 90,000 കോടി രൂപയാണ് ഇപ്പോള്‍ കേരളത്തിന്റെ പൊതുകടം.

Ads By Google

Subscribe Us:

2011-12 സാമ്പത്തിക വര്‍ഷത്തെ റവന്യൂ വരുമാനം 38,010.37 കോടി രൂപയാണ്. ഇതില്‍ 16,228.97 കോടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി. പെന്‍ഷന് 8,700 കോടി. വിവിധ വായ്പകളുടെ പലിശയായി 6,336 കോടി അടച്ചു. 322.3 കോടി വായ്പ തിരിച്ചടച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തിന്റെ 83.16 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായാണു ചെലവഴിച്ചത്.

പദ്ധതി നിര്‍വഹണത്തിന് 11,412 കോടി രൂപ വായ്പയെടുക്കേണ്ടി വരുമ്പോഴാണ് പൊതുകടം ഒരു ലക്ഷം കോടി കവിയുന്നത്. ഇതോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും 33,000 രൂപ കടക്കാരനാവും.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ പദ്ധതി നിര്‍വഹണത്തിന് ആറായിരം കോടി രൂപയും രണ്ടാം പാദത്തില്‍ 5,412 കോടിയും വായ്പയെടുക്കണമെന്നാണു ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 90 ശതമാനവും ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇപ്പോള്‍ ചെലവാക്കുന്നത്. ബാക്കി 10 ശതമാനം കൊണ്ട് 97 ശതമാനം ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയില്ല. അതുകൊണ്ടാണു വായ്പയെ ആശ്രയിക്കുന്നത്.