[]ന്യൂദല്‍ഹി: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയതോടെ ഹൈക്കമാന്‍ഡ് പരസ്യപ്രസ്താവനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
നേതാക്കള്‍ പരസ്യമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. []
പരസ്യപ്രസ്താവനകള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ ക്കിടയിലേക്ക് എത്തുന്നത് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താന്‍ ഗൗരവമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കണമെന്ന എ.കെ ആന്റണിയുടെ നിലപാടാണ് പാര്‍ട്ടി കേന്ദ്രനേതൃത്വവും സ്വീകരിച്ചിരിക്കുന്നത്.
ദിവസങ്ങളായി നടക്കുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെപ്പോലും മോശമാക്കുന്ന തരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.
മന്ത്രിസഭാപ്രവേശനത്തിന് തയാറായ ചെന്നിത്തലയ്ക്ക് ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഇടഞ്ഞ ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവശേഷിക്കുന്ന രണ്ട് വര്‍ഷം മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് നേതാക്കന്‍മാര്‍ പരസ്പരം പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
