തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നു പി.യു ചിത്രയെ ഒഴിവാക്കിയതിനു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബി. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതായി പി.ടി ഉഷ വാദിച്ചുവെങ്കിലും സ്ഥിരതയില്ലെന്നു പറഞ്ഞു സെലക്ഷന്‍ കമ്മിറ്റി തള്ളുകയാണുണ്ടായതെന്ന് യോഗത്തിന്റെ മിനുട്‌സ് വ്യക്തമാക്കുന്നു.

ചിത്രയ്ക്കു പുറമേ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അജോയ് കുമാര്‍ സരോജിനെയും സുധാസിങ്ങിനെയും സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കിയിരുന്നു. പ്രകടനത്തില്‍ സ്ഥിരതയില്ലെന്നു പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയതെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഉള്‍പ്പെടുത്തരുതെന്ന് കോച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാണ് സുധാ സിങ്ങിനെ മാറ്റിനിര്‍ത്തിയത്.


Must Read: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


ചിത്രയ്ക്കുവേണ്ടി പി.ടി ഉഷ ശക്തമായി വാദിച്ചുവെങ്കിലും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ സിങ് രന്ദാവയടക്കമുള്ള ഉത്തരേന്ത്യന്‍ ലോബി ഇതിനെതിരെ രംഗത്തുവരികയായിരുന്നു.

പി.യു ചിത്രയെ ഒഴിവാക്കിയ നടപടി വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. സംഭവം കായികമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.