എഡിറ്റര്‍
എഡിറ്റര്‍
‘പത്രം’ സിനിമ നമ്പി നാരായണനോടുള്ള പ്രായശ്ചിത്തം: സുരേഷ് ഗോപി
എഡിറ്റര്‍
Friday 19th October 2012 3:22pm

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയനായി അറസ്റ്റ് ചെയ്യപ്പെട്ട നമ്പി നാരായണനെതിരെ താനും സിനിമ ചെയ്തിരുന്നെന്നും അതില്‍ കുറ്റബോധമുള്ളത് കൊണ്ടാണ് പത്രം എന്ന സിനിമ ചെയ്തതെന്നും നടന്‍ സുരേഷ് ഗോപി. എന്നാല്‍ കേരള രാഷ്ട്രീയത്തിന് പറ്റിയ തെറ്റ് എങ്ങനെ തിരുത്തുമെന്നും സുരേഷ് ഗോപി ചോദിച്ചു.

Ads By Google

മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. ആദരവോടെ മാത്രമേ കെ.കരുണാകരനെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ചാരക്കേസില്‍ കരുണാകരനോടു പ്രായശ്ചിത്തം ചെയ്യാന്‍ നമുക്കു കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കാം മകന്‍ എന്ന നിലയില്‍ കെ. മുരളീധരന്‍ ഇപ്പോള്‍ ചിലതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. അമ്മ എന്ന സംഘടനയോട് എതിര്‍പ്പില്ല. എന്നാല്‍ അതിലെ ചില നടപടികളോട് യോജിക്കാന്‍ സാധിക്കില്ല. വ്യക്തിപരമായ കാര്യങ്ങളലാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തത്.

ടെലിവിഷന്‍ അവതാരകനായിരുന്ന കാലത്ത് തന്റെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിബന്ധന കൊണ്ടുവന്നത് മലയാള സിനിമയിലെ കൊമ്പന്മാര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചാനലില്‍ അവതാരകനായിരുന്ന സമയത്ത് അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചത് താന്‍ തന്നെയാണ്. ഇത് അംഗീകരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ താരങ്ങളുടെ കാര്യത്തിലും ഇത് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിലകന്റെ സംസ്‌കാരത്തില്‍ സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിന് കാരണം പറയേണ്ടത് അവരാണ്. പലരും തിലകനോട് അനാദരവ് കാണിച്ചെങ്കിലും ഒരു മകനെ പോലെ അദ്ദേഹത്തെ താന്‍ പരിഗണിച്ചിരുന്നു. തിലകന്റെ മരണദിവസം രഞ്ജിത്ത് ഉന്നയിച്ച വിമര്‍ശനം ശരിയായെന്നും സുരേഷ് ഗോപി പറഞ്ഞു.

അഭിനയ ജീവിതത്തില്‍ പൂര്‍ണ സംതൃപ്തി എന്നത് ഇല്ല. തന്റെ കഴിവ് ചൂഷണം ചെയ്യുന്ന എഴുത്തുകാര്‍ വന്നാല്‍ മികച്ച പ്രകടനങ്ങള്‍ സാധ്യമാകും. ഗാന്ധിജിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. സുരേഷ് ഗോപി പറഞ്ഞു.

തമിഴില്‍ വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഐ’ ചിത്രത്തില്‍ അഭിനയിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.

Advertisement