കേരളത്തില്‍ ഇടതുപക്ഷ അനുകൂല പിന്നാക്ക ന്യൂനപക്ഷ സംഘടന വരുന്നു. ഐ.എന്‍.എല്‍ സെക്യുലര്‍, മുസ് ലിം ലീഗ് റഹീം വിഭാഗം, ലീഗുമായി ഇടഞ്ഞ് നില്‍ക്കുന്ന ചെറു ഗ്രൂപ്പുകള്‍തുടങ്ങിയവ യോജിച്ചാണ് സംഘടന രൂപീകരിക്കുന്നത്. ഇതിന് മുന്നോടിയായി പി.ടി.എ റഹീം, എന്‍.കെ അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തി. പുതിയ സംഘടനക്ക് സി.പി.ഐ.എം സെക്രട്ടറി പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ്-മുസ് ലിം ലീഗ് നയങ്ങളോട് വിയോജിപ്പുള്ള നിരവധി പേര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലുണ്ടെന്നും അവരെ ഏകോപിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പി.ടി.എ റഹീം പറഞ്ഞു. ജനാധിപത്യ, മതേതര നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടായിരിക്കും സംഘടനയുടെ പ്രവര്‍ത്തനം. സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയനുമായി തങ്ങള്‍ സംസാരിച്ചു. അദ്ദേഹം പൂര്‍ണമായ പിന്തുണ നല്‍കിയിട്ടുണ്ട്.

മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ നിന്നും മുസ്‌ലിം ലീഗില്‍ നിന്നും ഉണ്ടാവുന്നത്. ബാബരി മസ്ജിദ് വിധിയോടുള്ള മുസ്‌ലിം ലീഗിന്റെ പ്രതികരണം ഇതിന് ഉദാഹരണമാണ്. വധി സംബന്ധിച്ച് ശരിയായ നിലപാടെടുക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇടതുപക്ഷം കൃത്യമായ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷവുമായി അകന്നുവെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. അലിഗഡ് യൂണിവേഴ്‌സിറ്റിക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലുമാണ്. മലപ്പുറം ജില്ല രൂപീകരണം തുടങ്ങി മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും തുണയായി നിന്നത് ഇടതുപക്ഷമാണെന്നും പി.ടി.എ റഹീം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ജനുവരിയോടെ പാര്‍ട്ടി രൂപീകരിച്ച് രംഗത്തു വരാനാണ് തീരുമാനം. പി.ടി.എ റഹീമിന് കൂടാതെ ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവ് അബ്ദുല്‍ അസീസ്, അബ്ദുല്ല യൂസുഫ്, ഹമീദ് കരിയാട് തുടങ്ങിയവര്‍ പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പി.എം.എ സലാമിന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എലിലെ ഒരു വിഭാഗം നേരത്തെ ഇടത് പാളയം വിട്ട് യു.ഡി.എഫിലേക്ക് പോയിരുന്നു. ഇതിനെ എതിര്‍ക്കുന്ന വിഭാഗം ഐ.എന്‍.എല്‍ സെക്യുലര്‍ രൂപീകരിച്ച് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഐ.എന്‍.എല്‍ സെക്യുലറിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ ഇടതുപക്ഷ അനുകൂല മുസ്‌ലിം പിന്നാക്ക കൂട്ടായ്മക്ക് വേണ്ടിയുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നേതാക്കള്‍ പിണറായി വിജയനെ സന്ദര്‍ശിച്ചത്.