തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പി.ടി.തോമസ് എം.പിയുടെ പിന്തുണ. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് വി.എസ് അച്യുതാനന്ദന് ഗണേഷ് കുമാറില്‍ നിന്ന് ലഭിച്ചതെന്ന് പി.ടി. തോമസ് പറഞ്ഞു.

ആന്റണിയെ കള്ളനെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങനെന്നും വിളിച്ചയാളാണ് അച്യുതാനന്ദന്‍. മലമ്പുഴയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലതികാ സുഭാഷിനെതിരെ ലൈംഗിക ചുവയുള്ള ഭാഷയാല്‍ വി.എസ് അധിക്ഷേപിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് ധാര്‍മികതയില്ലെന്നും പി.ടി.തോമസ് പറഞ്ഞു.

നേരത്തെ പലപ്പോഴും അച്യുതാനന്ദന്‍ വൃത്തിക്കെട്ട ഭാഷയില്‍ സംസാരിച്ചപ്പോള്‍ സി.പി.ഐ.എം പ്രതിഷേധിച്ചിരുന്നില്ല. ബര്‍ലിന്‍ കുഞ്ഞന്തന്‍നായര്‍ ഉള്‍പ്പെടെയുള്ളവരെ യാതൊരു മര്യാദയുമില്ലാതെ ആക്ഷേപിക്കുന്ന സി.പി.ഐ.എമ്മിന് ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ യാതൊരു ധാര്‍മികതയുമില്ല.

ഇന്നലെ പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് വി.എസിനെതിരെ ഗണേഷ് കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. അച്യുതാനന്ദന്‍ കാമഭ്രാന്തനും ഞരമ്പ് രോഗിയാണെന്നുമായിരുന്ന പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ഇന്ന് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.