ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പി.ടി തോമസ് എം.പി ദല്‍ഹിയില്‍ പ്രതിഷേധസമരം നടത്തി. പാര്‍ലമെന്റിന് മുന്നിലാണ് പ്രതിഷേധം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ പ്രസ്താവന നിരുത്തരവാദപരമായിപ്പോയെന്ന് പി.ടി തോമസ് പറഞ്ഞു. ചിദംബരം തമിഴ്‌നാടിന്റെ മാത്രമല്ല കേന്ദ്രത്തിന്റെയും അഭ്യന്തരമന്ത്രിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നുമുള്ള ചിദംബരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. മുല്ലപ്പെരിയാര്‍, കൂടംകുളം വിഷയങ്ങളില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആശങ്ക അവസാനിക്കുമെന്നും ചിദംബരം പറഞ്ഞിരുന്നു. ഇതില്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേരളത്തിന്റെ ആശങ്കയെന്ന പ്രസ്താവന ചിദംബരം പിന്‍വലിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പി.ടി തോമസ് എം.പിയുടെ പ്രതിഷേധം.

Malayalam news

Kerala news in English