ബാംഗളൂര്‍: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-12 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വൈകുന്നേരം 4.48 നാണ് വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി പതിനേഴിലേറി ജിസാറ്റ് ഭ്രമണപഥത്തിലേക്ക് യാത്രതിരിക്കുന്നത്. പിഎസ്എല്‍വിയുടെ പത്തൊന്‍പതാമതു വിക്ഷേപണ ദൗത്യമാണിത്.

ഇന്നലെ രാവിലെ 11.48 മുതല്‍ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചു. സാധാരണ പി.എസ്.എല്‍.വി.യേക്കാള്‍ കൂടുതല്‍ ശേഷിയുള്ള പി.എസ്.എല്‍.വി. എക്‌സ്.എല്‍. ആണ് ഇത്തവണ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപഗ്രഹത്തെ 20 മിനിറ്റിനകം ഭ്രമണപഥത്തിലെത്തിക്കാന്‍ സാധ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.

1410 കിലോഗ്രാം തൂക്കമുള്ള ഉപഗ്രഹത്തില്‍ വാര്‍ത്താവിനിമയത്തിനുള്ള 12 സി-ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ടെലി മെഡിസിന്‍, ടെലി എഡ്യുക്കേഷന്‍ , റേഡിയോ പ്രക്ഷേപണം എന്നീ മേഖലകളിലാണ് പ്രധാനമായും ഈ ട്രാന്‍സ്‌പോണ്ടറുകള്‍ ഉപയോഗപ്പെടുത്തുക. എട്ടുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് പി.എസ്.എല്‍.വി.എക്‌സ്.എല്‍. ഉപയോഗിച്ചുള്ള വിക്ഷേപണം നടക്കുന്നത്. നേരത്തേ 2008 ഒക്ടോബര്‍ 22 ന് ചന്ദ്രയാന്‍ ഒന്ന് ഭ്രമണപഥത്തിലെത്തിച്ചത് പി.എസ്.എല്‍.വി. എക്‌സ്. എല്‍ ആയിരുന്നു. ഇത് രണ്ടാം തവണയാണ് പി.എസ്.എല്‍.വി.യില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.
നേരത്തേ 2002ല്‍ കല്‍പ്പന 1 ഉം ഭ്രമണപഥത്തിലെത്തിച്ചത് പി എസ് എല്‍ വി ആയിരുന്നു.